ബെയ്ജിംഗ് : തായ്വാനെ ആക്രമിച്ച് കീഴ്പ്പെടുത്താൻ ചൈന തയ്യാറെടുക്കുന്നുവെന്ന് സൂചന. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും പീപ്പിൾസ് ലിബറേഷൻ ആർമിയും ഇത് സംബന്ധിച്ച് നിർണായക ചർച്ചകൾ നടത്തുന്നുണ്ടെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. യുദ്ധത്തിന്റെ തയ്യാറെടുപ്പുകൾ സംബന്ധിച്ച് ഒരു ഓഡിയോ ക്ലിപ്പും പുറത്ത് വന്നിട്ടുണ്ട്. ചൈനീസ് ഭരണകൂടത്തിലെ ഉന്നതർ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പാണ് ചോർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രതികരണവുമായി രംഗത്തെത്തി. തായ്വാനെ ആക്രമിച്ചാൽ അവർക്ക് അമേരിക്ക സംരക്ഷണം നൽകുമെന്ന് ബൈഡൻ പറഞ്ഞു
ല്യൂഡ്’ എന്ന യൂട്യൂബ് ചാനലാണ് ചൈനീസ് നേതാക്കളുടെ സംഭാഷണം പുറത്തുവിട്ടത്. വിവരങ്ങൾ പുറംലോകം അറിയുന്നതിന് വേണ്ടിസിസിപി നേതാക്കൾ തന്നെയാണ് ഇത് ചോർത്തി നൽകിയത് എന്ന് യൂട്യൂബ് ചാനൽ വ്യക്തമാക്കുന്നു. ആക്രമണം നടത്താനുള്ള ഡ്രോണുകളും ബോട്ടുകളും നിർമ്മിക്കുന്ന കമ്പനികളുടെ പട്ടിക യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ ഹാജരാക്കി. 1.40 ലക്ഷം പട്ടാളക്കാർ, 953 കപ്പലുകൾ, അവയുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക യാർഡുകൾ, അത്യാഹിത ട്രാൻസ്ഫർ സെന്ററുകൾ, ധാന്യശേഖരണ കേന്ദ്രങ്ങൾ, രക്തദാനത്തിനായി പ്രത്യേക സ്റ്റേഷനുകൾ, എണ്ണ ഡിപ്പോകൾ, ഗ്യാസ് സ്റ്റേഷൻ എന്നിവ ക്രമീകരിക്കാൻ ഗ്വാങ്ഡോങ് പ്രവിശ്യക്ക് നിർദ്ദേശം നൽകിയതായി സന്ദേശത്തിൽ പറയുന്നു. ചൈനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ചോർത്തൽ നടക്കുന്നത് എന്നും ശ്രദ്ധേയമാണ്.
57 മിനിറ്റ് ഓഡിയോയിൽ തായ്വാനെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ ഓഡിയോ ക്ലിപ്പ് ചോർന്നതിന് പിന്നാലെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ നാല് ജനറൽമാരെ ചൈന വധിച്ചുവെന്നും നിരവധിപേർ അറസ്റ്റിലാണെന്നും ചൈനീസ് മനുഷ്യാവകാശ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരങ്ങളൊന്നും തന്നെ ചൈനീസ് ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ചൈനയ്ക്കെതിരെ വെല്ലുവിളിയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. തായ്വാനെ ചൈന ആക്രമിച്ചാൽ, അമേരിക്ക ഇടപെടുമെന്നും തായ്വാന് സംരക്ഷണം നൽകുമെന്നും ബൈഡൻ അറിയിച്ചു. ”അതിൽ ഞങ്ങൾ പ്രതിബദ്ധരാണ്. ഞങ്ങൾ വൺ ചൈന എന്ന നയത്തോട് യോജിച്ചുനിൽക്കുന്നു, കരാറിൽ ഒപ്പ് വെയ്ക്കുകയും ചെയ്തു. തായ്വാനെ ബലപ്രയോഗത്തിലൂടെ സ്വന്തമാക്കാം എന്ന ആശയം ഉചിതമല്ല,” എന്നും ബൈഡൻ താക്കീത് നൽകി.
Comments