കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്‌ക്കായി ഇനി അമേരിക്കയിലേക്ക് പോകേണ്ട ആവശ്യമില്ല. അദ്ദേഹം അമേരിക്കയിൽ ചികിത്സ തേടുന്ന മയോ ക്ലിനിക്, ഇന്ത്യൻ കമ്പനിയായ കാർക്കിനോസിൽ വൻ നിക്ഷേപം നടത്തി. കാൻസർ പരിചരണത്തിന് പുതിയ സംവിധാനങ്ങൾ ഒരുക്കാനാണ് മയോയുടെ നിക്ഷേപം പ്രയോജനപ്പെടുത്തുക. കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ അത്യാധുനിക ലബോറട്ടി സ്ഥാപിക്കാനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്.
കേരളത്തിൽ ഉൾപ്പെടെ രാജ്യമെങ്ങും കാൻസർ ഗവേഷണ, പരിചരണസൗകര്യങ്ങൾ ഒരുക്കുന്ന സ്ഥാപനമാണ് കാർക്കിനോസ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നേരത്തേ കാൻസർ കണ്ടെത്തുകയും കുറഞ്ഞ ചെലവിൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയും കൂടുതൽ ഗവേഷണം നടത്തുകയുമാണ് കമ്പനിയുടെ ലക്ഷ്യം. ലോകോത്തര ചികിത്സാസംവിധാനം ഇവിടെ ഒരുക്കാനാണ് തീരുമാനം. എറണാകുളം, കോതമംഗലം, മൂന്നാർ, തൊടുപുഴ എന്നിവിടങ്ങളിൽ കാർക്കിനോസിന് കാൻസർ പരിചരണകേന്ദ്രങ്ങളുണ്ട്. രാജ്യവ്യാപകമായി കാൻസർ പരിചരണ, ഗവേഷണ കേന്ദ്രങ്ങൾ തുറക്കുകയാണ് ലക്ഷ്യം.
കാർക്കിനോസിൽ 100 കോടി രൂപ മുടക്കിയ രത്തൻ ടാറ്റയാണ് പ്രധാന നിക്ഷേപകൻ. ബയോടെക്‌നോളജി കമ്പനിയായ റാക്കൂടെൻ, റിലയൻസ് ഡിജിറ്റൽ ഹബ്ബ്, സംരംഭകരായ വേണു ശ്രീനിവാസ്, ക്രിസ് ഗോപാലകൃഷ്ണൻ, റോണി സ്‌ക്രൂവാല, ശേഖർ ശർമ്മ തുടങ്ങിയവർക്കും നിക്ഷേപമുണ്ട്.
Comments