കണ്ണൂർ: പോലീസ് മൊഴിയെടുത്തതിന് പിന്നാലെ ഇരിട്ടിയിൽ 17കാരി ആത്മഹത്യ ചെയ്തു. ആറളം സ്വദേശിനി മിനിയാണ് ആത്മഹത്യചെയ്തത്. സ്കൂളിൽ കൗൺസിലിംഗിനിടെ പ്രണയ ബന്ധമുള്ളതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് എത്തി മൊഴി രേഖപ്പെടുത്തിയത്.
അയൽവാസിയും രണ്ട് കുട്ടികളുടെ അച്ഛനുമായ യുവാവുമായി സ്നേഹത്തിലാണെന്നും, ഇയാൾ അടിക്കടി വീട്ടിൽ വരാറുണ്ടെന്നുമായിരുന്നു പെൺകുട്ടി കൗൺസിലിംഗിൽ പറഞ്ഞത്. ഇത് പിന്നീട് ചൈൽഡ് ലൈനിൽ പരാതിയായി എത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ ആണ് പോലീസിനോട് മൊഴിയെടുക്കാൻ നിർദ്ദേശിച്ചത്.
ഇത് പ്രകാരം കഴിഞ്ഞ ദിവസം പോലീസ് എത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസുകാർ വീട്ടിൽ നിന്നും പോയതിന് പിന്നാലെ പെൺകുട്ടി മുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നാണ് പെൺകുട്ടി നൽകിയ മൊഴിയെന്ന് പോലീസ് പറഞ്ഞു.
Comments