കോഴിക്കോട് : സ്വന്തം വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച യുവാവ് പിടിയിൽ. മാവൂർ പുനത്തിൽ പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രകാശന്റെ മകൻ സിനീഷാണ് പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. വീടിന്റെ പിൻവശത്തെ ഗ്രില്ല് തകർത്താണ് പ്രതി അകത്ത് കയറിയത്. വിരലടയാളം പതിയാതിരിക്കാൻ കൈകളിൽ പേപ്പർ കവർ ധരിച്ചിരുന്നു. മുറികളിൽ മുളകുപൊടി വിതറുകയും, പത്ത് ഇഞ്ച് സൈസുള്ള ഷൂ ധരിക്കുകയും ചെയ്തു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് പണവും സ്വർണാഭരണങ്ങളും പോയ വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
സിനീഷിന് ഏറെ കടബാദ്ധ്യതകൾ ഉണ്ടായിരുന്നു. ഇത് വീട്ടാൻ ഒരാഴ്ച മുൻപ് അച്ഛന്റെ അലമാരയിൽ നിന്ന് മുപ്പതിനായിരം രൂപ മോഷ്ടിച്ചിരുന്നു. ഇത് വീട്ടുകാർ അറിഞ്ഞില്ലെന്ന് മനസിലായതോടെയാണ് വീണ്ടും കവർച്ച നടത്തിയത്.
എന്നാൽ പോലീസ് എത്തി നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച പണവും പൂട്ട് മുറിക്കാൻ ഉപയോഗിച്ച ആക്സോ ബ്ലേഡും സിനീഷ് പോലീസിന് കാണിച്ചുകൊടുത്തിട്ടുണ്ട്.
Comments