തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് വാഹന പരിശോധന ശക്തമാക്കാനുള്ള നീക്കം. ചെറിയ നിയമലംഘനങ്ങൾക്കടക്കം വലിയ പിഴ ചുമത്താനും ശിക്ഷ നൽകാനുമാണ് വകുപ്പിന്റെ തീരുമാനം. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്താൽ കർശന നടപടി എടുക്കാൻ നിർദ്ദേശം നൽകി.
ഹെൽമെറ്റ് ഇല്ലാതെയുള്ള കുറ്റങ്ങൾ ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. പുതിയ തീരുമാനം സംബന്ധിച്ചുള്ള നിർദ്ദേശം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്‍റ് ജോയിന്‍റ് ആർടിഒയ്‌ക്ക് കൈമാറി.
ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേരിൽ അധികം സഞ്ചരിക്കുക, സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കുക, വാഹനം ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക എന്നതിന് പുറമെ മദ്യപിച്ച് വാഹനം ഓടിക്കുന്നതും പരിശോധന നടത്തുമ്പോൾ വാഹനം നിർത്താതെ പോകുന്നതിനടക്കമുള്ള തെറ്റുകൾ ആവർത്തിച്ചാലാണ് കനത്ത പിഴ ഈടാക്കുന്നതിനോടൊപ്പം ലൈസന്‍സും മരവിപ്പിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ പരിശോധിച്ചും നടപടികൾ കർശനമാക്കും.
Comments