കാബൂൾ : ജിഹാദി ഭീകരരെയാണ് എല്ലാവരും മാതൃകയാക്കേണ്ടത് എന്ന് അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരി. അൽ ഖ്വായ്ദയുടെ ഔദ്യോഗിക മാദ്ധ്യമമായ അസ് സാഹബിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് പ്രമുഖ ജിഹാദി നേതാക്കളെ മാതൃകായാക്കാൻ ആഗോള മുസ്ലീം സമൂഹത്തോട് ആവശ്യപ്പെട്ടത്. ദ ഡീൽ ഓഫ് സെഞ്ച്വറി അഥവാ ക്യൂസേയ്ഡ് സ്പാനിംഗ് സെഞ്ച്വറീസ് എന്ന പരമ്പരയിലൂടെയാണ് നിർദ്ദേശം.
സുന്നി ജിഹാദികളെ ആരാധിക്കാൻ ആഹ്വാനം ചെയ്യുന്നതിലൂടെ ലോകത്ത് തീവ്രവാദ ഭീഷണി ഉയർത്തുകയാണ് അൽ ഖ്വായ്ദ ലക്ഷ്യമിടുന്നത്. നേരത്തെയും ഇത്തരത്തിലുള്ള പരാമർശങ്ങളുമായി സവാഹിരി രംഗത്തെത്തിയിട്ടുണ്ട്. അറബ് നേതാക്കളെ വിമർശിക്കുകയും മുസ്ലീങ്ങൾക്ക് അൽ ഖ്വായ്ദ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം നൽകുകയുമാണ് ഇയാൾ ചെയ്തിരുന്നത്.
പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആക്രമണം നടത്തുമെന്നും അൽ ഖ്വായ്ദ ഭീഷണി മുഴക്കിയിരുന്നു. ഡൽഹി, മുംബൈ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. അൽ ഖ്വായ്ദ ഇൻ സബ്കൊണ്ടിനെന്റ് എന്ന പേരിൽ പുറത്തു വിട്ട കത്തിലൂടെയാണ് ഭീഷണി.
സ്വന്തം ശരീരത്തിലും കുഞ്ഞുങ്ങളുടെ ശരീരത്തിലും സ്ഫോടക വസ്തുക്കൾ വച്ചു കെട്ടി ആക്രമണം നടത്തും എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. പരിതപിച്ചത് കൊണ്ടോ, അപലപിച്ചത് കൊണ്ടോ വിഷയം അവസാനിക്കില്ലെന്നും, എത്ര സുരക്ഷ ഒരുക്കിയാലും രക്ഷപ്പെടാൻ കഴിയില്ലെന്നും കത്തിൽ ഭീഷണിപ്പെടുത്തിയിരുന്നു.
Comments