തിരുവനന്തപുരം: രാജ്യത്തെ യുവാക്കൾക്ക് ജോലി ഉറപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതികൾക്ക് എതിരെ ശബ്ദിക്കുന്ന പ്രതിപക്ഷ നേതാക്കളെ വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഒന്നര വർഷത്തിനുള്ളിൽ പത്തു ലക്ഷം പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നൽകാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തെ വിമർശിക്കുന്ന പ്രതിപക്ഷ നേതാക്കൾ ദുരന്തമാണെന്നാണ് കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. തൊഴിൽ രഹിതർക്ക് സൈന്യത്തിലടക്കം പ്രതീക്ഷ നൽകുന്ന പദ്ധതിയുടെ വിമർശകർ രാജ്യത്തെ യുവതയുടെ ശത്രുക്കളാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണയ്‌ക്ക് പിന്നാലെ ലോകം മുഴുവൻ സാമ്പത്തിക മരവിപ്പിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ഭാരതം ധീരമായ ചുവട് വെച്ചിരിക്കുന്നത്. ഇത് ചെറുപ്പക്കാർക്ക് വലിയ സാധ്യത തുറന്നു നൽകുന്നതാണെന്നും ഈ പദ്ധതിയെ ഉള്ളു തുറന്ന് ശ്ലാഘിക്കേണ്ടതിന് പകരം വിമർശനം നടത്തുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. അടുത്ത 18 മാസത്തിനുള്ളിൽ വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലും 10 ലക്ഷം പേർക്ക് ജോലി നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഒരു വർഷത്തിനുള്ളിൽ 1,48,463 പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി റെയിൽവേ മുന്നോട്ട് വന്നു.
ഇന്ത്യൻ സായുധ സേനയെ ലോകത്തിലെ ഏറ്റവും മികച്ച സൈന്യമാക്കി മാറ്റാനുള്ള ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് അഗ്നിപഥ്. 17.5 വയസ്സ് മുതൽ 21 വയസ്സുവരെ പ്രായമുള്ളവർക്കാണ് പദ്ധതി പ്രകാരം സൈനിക സേവനത്തിന് അവസരം. പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമ സേനകളിലേക്ക് പദ്ധതി പ്രകാരം നിയമിക്കും. രാജ്യത്തെ യുവാക്കളിൽ നിന്ന് കേന്ദ്രസർക്കാരിന്റെ തീരുമാനത്തോട് വളരെ നല്ല പ്രതികരണമാണ് ഉണ്ടായത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ മോദി സർക്കാരിന്റെ ചരിത്രപരമായ തീരുമാനങ്ങളെ വിമർശിക്കുകയാണ് ചെയ്തത്. രാഹുൽ ഗാന്ധിയും പ്രിയങ്ക വാദ്രയുമടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സർക്കാരിന്റെ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.
Comments