ബംഗളൂരു: മംഗളൂരുവിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികൾ വിലവരുന്ന സ്വർണവുമായി സ്ത്രീയുൾപ്പെടെ രണ്ട് പേർ കസ്റ്റംസിന്റെ പിടിയിൽ ആയി. മഞ്ചേശ്വരത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിനി സീനത്ത് ബാനു, നീലേശ്വരം സ്വദേശി മുഹമ്മദ് ഇഖ്ബാൽ എന്നിവരാണ് പിടിയിൽ ആയത്. ഇവരുടെ പക്കൽ നിന്നും 2.648 കിലോ സ്വർണവും പിടികൂടി.
സീനത്ത് സാനിറ്ററി പാഡിലും, ഇഖ്ബാൽ മലദ്വാരത്തിലുമാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി സാനിറ്ററി പാഡിനുള്ളിൽവെച്ച് അടിവസ്ത്രത്തിലാണ് സീനത്ത് ഒളിപ്പിച്ചത്. ഇവരുടെ പക്കൽ നിന്നും 86,89,440 രൂപ വിലവരുന്ന 1.684 കിലോ സ്വർണമാണ് പിടികൂടിയത്.
സ്വർണം മിശ്രിത രൂപത്തിലാക്കി സെലോയ്ഡ് ടേപ്പിലും, ഗർഭനിരോധ ഉറയിലും പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇഖ്ബാൽ സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ പക്കൽ നിന്നും 4,97,424 രൂപ വിലമതിക്കുന്ന 964 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിലാണ് ഇവർ മംഗളൂരുവിൽ എത്തിയത്. കേരളത്തിലേക്ക് സ്വർണം എത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. വിശദ വിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Comments