ന്യൂഡൽഹി: എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. മുർമുവിന് വിജയാശംസകൾ നേർന്നതായി അമിത് ഷാ ട്വീറ്റ് ചെയ്തു.
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. മുർമുവിന് വിജയാശംസകൾ നേർന്നു. രാഷ്ട്രപതി സ്ഥാനാർത്ഥിയായി മുർമുവിന്റെ പേര് നിർദ്ദേശിച്ചതിൽ ഗോത്രസമൂഹം അഭിമാനിക്കുന്നുണ്ടാകും. മുർമുവിന്റെ ഭരണമികവും, പൊതുജനസേവനത്തിലുള്ള മുൻപരിചയവും രാജ്യത്തിന് ഗുണം ചെയ്യുമെന്ന് ഉറപ്പാണെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ഉച്ചയോടെയായിരുന്നു മുർമു അമിത് ഷായെ കണ്ടത്.
രാവിലെ ഡൽഹിയിൽ എത്തിയ മുർമു ഔദ്യോഗിക വസതിയിൽ എത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. ഇതിന് ശേഷമാണ് അമിത്ഷായെ സന്ദർശിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെയും മുർമു സന്ദർശിച്ചു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വെള്ളിയാഴ്ച മുർമു നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസമാണ് മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പ്രഖ്യാപിച്ചത്.
Comments