തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന്റെ വെബ്സൈറ്റ് നീക്കം ചെയ്തതായി വിവരം. ഗൂഗിളിൽ നിന്നും മറ്റ് സെർച്ച് എൻജിനുകളിൽ സൈറ്റ് അപ്രത്യക്ഷമായി. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ വീണാ വിജയന്റെ കമ്പനിയുടെ മെന്ററാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഡൊമൈൻ നീക്കം ചെയ്തതായി കണ്ടെത്തിയത്. സജീവമായി പ്രവർത്തിച്ചിരുന് www.exalogic.in എന്ന വെബ്സൈറ്റാണ് അപ്രത്യക്ഷമായത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ്, സ്പേസ് പാർക്കിൽ നിയമിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ വീണാ വിജയന്റെ കമ്പനിയുടെ മെൻറർ ആണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഡയറക്ടർ ജെയ്ക് ബാലകുമാർ എന്നത് വെബ്സൈറ്റിൽനിന്ന് നീക്കംചെയ്തെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നുമാണ് മാത്യു കുഴൽ നാടൻ ആരോപിച്ചത്.
വീണാ വിജയൻ നടത്തുന്ന ഐടി കമ്പനി എക്സാലോജിക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒന്നായി അവർ തന്നെ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാർ എന്ന് വെബ്സൈറ്റിൽ പറഞ്ഞിരുന്നു. ഇയാൾ ഒരു മെന്ററുടെ സ്ഥാനത്ത്, തങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 107 തവണ വെബ്സൈറ്റ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ 2020 മേയിൽ വെബ്സൈറ്റ് ഡൗൺ ആവുകയും പിന്നീട് ജൂൺ മാസത്തിൽ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനേക്കുറിച്ചുള്ള വിവരങ്ങൾ വൈബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി എന്ന് കുഴൽനാടൻ പറഞ്ഞു. ഇതിന്റെ തെളിവുകളും കുഴൽനാടൻ പ്രദർശിപ്പിച്ചു.
സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിക്കാൻ മുൻകൈ എടുത്തത് വീണാ വിജയനാണെന്ന് പറയുന്നില്ല, എന്നാൽ ജെയ്ക് എക്സാലോജിക്കിന്റെ മെന്ററല്ലെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി, താൻ പുറത്തുവിട്ട ചിത്രങ്ങൾ നിഷേധിക്കാൻ തയ്യാറാണോയെന്ന് കുഴൽനാടൻ ചോദിച്ചു. ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് വെബ്സൈറ്റ് അപ്രത്യക്ഷമായത്.
Comments