തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേര്‍ക്ക് ആക്രമണം നടന്നിട്ട് 13 മണിക്കൂർ. എന്നാൽ ഇതുവരെയും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും സംഭവ സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിട്ടും പ്രതിയെ പിടികൂടാൻ പോലിസിന് കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമായാണ് വിലയിരുത്തുന്നത്.
അതേസമയം, സ്ഫോടക വസ്തു എറിഞ്ഞ ആളിനെക്കുറിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ പറഞ്ഞു. സിസിടിവിയിൽ ഒരാളെ മാത്രമാണ് കാണാൻ സാധിക്കുന്നത്. ആക്രമണത്തിന് പിന്നിൽ വേറെ ആരെങ്കിലും ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതിയെ ഉടൻ തന്നെ കണ്ടെത്തുമെന്നും എഡിജിപി വിജയ് സാക്കറെ അറിയിച്ചു.
സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി 436, എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് 3 (എ) വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. എകെജി സെന്ററിലെ ജീവനക്കാരനാണ് പരാതി നൽകിയത്. എകെജി സെന്ററിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തേയ്ക്കാണ് നാടൻ പടക്കം വലിച്ചെറിഞ്ഞത്.
Comments