ഇടുക്കി: വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് തീയിട്ട് നശിപ്പിച്ച് സാമൂഹ്യ വിരുദ്ധർ. രാജകുമാരി കുരുവിളാസിറ്റി വിളയക്കാട്ട് ബേസിൽ ജോണിന്റെ ജീപ്പാണ് തീയിട്ട് നശിപ്പിച്ചത്. ഇതിന് പുറമെ വീട്ട് മുറ്റത്തും പരിസരത്തും മുളക്പൊടിയും വിതറിയിരുന്നു. സംഭവത്തിൽ ശാന്തൻപാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാഹനത്തിന്റെ ചില്ല് തകരുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. തുടർന്ന് സമീപത്തെ കിണറിൽ നിന്നും വെള്ളം കോരി ഒഴിച്ച് തീ അണക്കുകയായിരുന്നു. ഇന്ധന ടാങ്കിലേക്ക് തീ പടരുന്നതിന് മുൻപേ അണയ്ക്കുവാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. പണിപൂർത്തിയാക്കി ഒരുമാസം മുമ്പ് പുറത്തിറക്കിയ വാഹനമാണ് സാമൂഹ്യ വിരുദ്ധർ തീയിട്ടത്.
വാഹനത്തിന്റെ അകം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. പെട്രോൾ ഒഴിച്ച ശേഷം വാഹനത്തിലേക്ക് പന്തം കത്തിച്ച് എറിയുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. സമീപത്ത് നിന്ന് പന്തം പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഡോഗ് സ്ക്വാഡിന് തെളിവ് കിട്ടാതാരിക്കാനാണ് അക്രമികൾ മുളകുപൊടി വിതറിയതെന്ന് പോലീസ് വ്യക്തമാക്കി.
Comments