തിരുവനന്തപുരം: എകെജി സെന്റിറിലെ പടക്കമേറിൽ പ്രതിയെ കിട്ടാതെ ഇരുട്ടിൽ തപ്പിയിരുന്ന പോലീസ് ഇപ്പോൾ പുതിയ രീതിയിലുള്ള അന്വേഷണത്തിന്റെ പാതയിലാണ്. എന്നാൽ ഈ അന്വേഷണത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടിലെ ഡിയോ സ്‌കൂട്ടർ ഉടമകൾ. പടക്കമെറിഞ്ഞ പ്രതിയെത്തിയത് ഹോണ്ടയുടെ ഡിയോ എന്ന സ്‌കൂട്ടറിലാണെന്നതാണ് പോലീസിന് കൈവശമുള്ള ഏക തുമ്പ്. അതിനാൽ ഈ തുമ്പിൽ പിടിച്ച് ശക്തമായ അന്വേഷണം നടത്തി പ്രതിയ കുടുക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് പോലീസ്.
വാഹനത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമായതോടെ ഡിയോ സ്‌കൂട്ടറുള്ള പലരും പോലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങി പരുവമായി. പലരും രണ്ടും മൂന്നും തവണ ചോദ്യം ചെയ്യലിനായി എത്തി. ആക്രമണ ദിവസം ഇവരെല്ലാം എവിടെയായിരുന്നു, എന്ത് ചെയ്യുകയായിരുന്നു എന്നെല്ലാമാണ് പോലീസ് തിരക്കുന്നത്.
എസ്‌ഐമാർ ഉൾപ്പെടെ 15 അംഗ സംഘമാണ് നാട്ടിലെ ഡിയോ സ്‌കൂട്ടർ ഉടമകളെ കണ്ടെത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെ രണ്ടായിരത്തിലേറെ വാഹനങ്ങൾ പരിശോധിച്ച് കഴിഞ്ഞുവെന്നാണ് വിവരം. എന്നാൽ പോലീസ് അന്വേഷണം തകൃതിയായി പുരോഗമിച്ചിട്ടും, അതിനനുസൃതമായി ഡിയോ സ്‌കൂട്ടർ ഉടമകൾ സ്‌റ്റേഷനിൽ കയറിയിറങ്ങിയിട്ടും, ഇതുവരെയും പ്രതിയിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് വിമർശനത്തിന് കാരണമാകുന്നത്. പടക്കമേറ് നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും എങ്ങുമെത്താതെ തുടരുകയാണ് അന്വേഷണം.
Comments