സിനിമാ മേഖലയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് പ്രതാപ് പോത്തൻ. എന്നാൽ ആരാധകരെ ഏറെ വേദനിപ്പിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ മരണ വാർത്ത ഇന്ന് പുറത്ത് വന്നത്. പ്രതാപിന്റെ മരണത്തിൽ അനുശോചനം അർപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സുഹൃത്തിന് അനുശോചനം അർപ്പിച്ച് താരം മോഹൻലാലും എത്തിയിരിക്കുകയാണ് .
ഫേസ്ബുക്കിലൂടെയാണ് അനുശോചനം അർപ്പിച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ
അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞു. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികൾ
ഭരതന്റെ ആരവം എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമ ലോകത്തേക്ക് താരം പ്രവേശിക്കുന്നത്.എന്നാൽ അദ്ദേഹം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത് തകര ചിത്രത്തിലൂടെയാണ്. ശേഷം എൺപതുകളിലെ മലയാളം, തമിഴ് സിനിമകളിൽ തരംഗമായി പ്രതാപ് പോത്തൻ മാറി.
ചാമരം, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, നവംബറിന്റെ നഷ്ടം, സിന്ദൂര സന്ധ്യയ്ക്കു മൗനം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങി സിനിമാ പ്രേമികൾ നെഞ്ചോട് ചേർക്കുന്ന ഒരുപിടി സിനിമകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇവയിൽ എല്ലാം തന്നെ മലയാളികൾക്ക് എന്നും ഓർക്കാൻ സാധിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെയും അദ്ദേഹം സമ്മാനിച്ചു. മോഹൻലാലിന് പുറമെ സിനിമാ ലോകത്തിലെ തന്നെ നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അർപ്പിക്കുന്നത്.















