വേട്ടക്കാരന്റെ പിടിയലാകുന്ന ഇരയുടെ അവസ്ഥ എന്തായിരിക്കും? രക്ഷപ്പെടാൻ അത് അവസാന നിമിഷം വരെ പോരാടും, എല്ലാ വഴികളും തേടും, ഒരിക്കലും അടിയറവ് പറയില്ല. അങ്ങനെ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ചിലപ്പോഴത് വിജയിക്കും, ചിലപ്പോൾ ആ വേട്ടക്കാരന്റെ ഒരു നേരത്തെ ആഹാരമാകും.
ഇത്തരത്തിൽ അതിജീവനത്തിന് വേണ്ടിയുളള പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഭീമൻ പാമ്പ് എന്ന് പേരെടുത്ത അനാകോണ്ടയുടെ മുന്നിൽപെട്ട ഒരു ചീങ്കണ്ണിയുടെ വീഡിയോയാണിത്. മഞ്ഞ നിറത്തിലുളള അനാകോണ്ട ചീങ്കണ്ണിയെ വരിഞ്ഞ് മുറുകുന്നത് ദൃശ്യങ്ങളിൽ കാണാം. ഇന്ത്യാനയിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ കിം സള്ളിവനാണ് ഈ വീഡിയോ പകർത്തിയത്.
ബ്രസീലിലെ കുയാബ നദിക്കരയിൽ നിന്ന് പകർത്തിയ വീഡിയോയിൽ അനാകോണ്ടയുടെ ആക്രമണത്താൽ ശ്വാസം മുട്ടുന്ന ചീങ്കണ്ണിയെ കാണാം. 40 മിനിറ്റോളം ഈ പോരാട്ടം നീണ്ടുനിന്നുവെന്ന് കിം പറയുന്നു. അനാക്കോണ്ട അതിനെ കൂടുതൽ ഞെരുക്കിയതോടെ ചിങ്കണ്ണിക്ക് ശ്വാസം കിട്ടാതെയായി.
തുടർന്ന് ഇത് സ്വന്തം ജീവൻ രക്ഷിക്കാൻ വെള്ളത്തിനടിയിലേക്ക് പോയി. കുറച്ച് സമയത്തിന് ശേഷം ചീങ്കണ്ണി കയറി വന്നെങ്കിലും അനാകോണ്ട അതിനെ കഴുത്തിന് ചുറ്റും വരിഞ്ഞിരുന്നു. തുടർന്ന് വീണ്ടും വെള്ളത്തിനടിയിലേക്ക് പോയതോടെ അനാകോണ്ട പിടിവിട്ടു. വെള്ളത്തിന് പുറത്തെത്തിയ പാമ്പ് പെട്ടെന്ന് തന്നെ അടുത്തുള്ള മാളത്തിലേക്ക് പാഞ്ഞുവെന്ന് കിം വിവരിച്ചു. ആഫ്രിക്കൻ വൈൾഡ് ലൈഫ് എന്ന പേജിലാണ് ഇപ്പോൾ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.















