തിരുവനന്തപുരം: ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് ഹൃദയപൂർവ്വം ആശംസകൾ നേരുന്നുവെന്നും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചും പ്രതിബന്ധങ്ങൾ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാൻ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം കേരളനിയമസഭയിൽ നിന്ന് ദ്രൗപതി മുർമ്മുവിന് ഒരു വോട്ട് ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. 140 എംഎൽഎമാരിൽ ഒരാളുടെ വോട്ട് ദ്രൗപദി മുർമുവിന് കിട്ടിയതായാണ് വിവരം. കേരളത്തിലെ ഭരണ-പ്രതിപക്ഷ എംഎൽഎമാർ യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. അതിനിടെ ഈ തീരുമാനത്തിനെതിരായി വോട്ട് ചെയ്തത് ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
കേരളത്തിൽ നിന്ന് ദ്രൗപതി മുർമുവിന് ലഭിച്ച ഒരു വോട്ടിന് നൂറ്റിമുപ്പത്തൊമ്പതിനേക്കാൾ മൂല്യമുണ്ടെന്നും ഇടതു വലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെ രേഖപ്പെടുത്തിയ ഒരേയൊരു പോസിറ്റീവ് വോട്ടാണ് അതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
മൂന്ന് റൗണ്ടുകളിലും വ്യക്തമായ മുൻതൂക്കം നേടിയാണ് ദ്രൗപദി മുർമു വിജയം കൈവരിച്ചത്. 6.76 ലക്ഷമാണ് ദ്രൗപദി മുർമുവിന്റെ വോട്ട് മൂല്യം. എംപിമാരുടെ വോട്ടുകളിൽ 540 എണ്ണം ദ്രൗപദി മുർമുവിന് ലഭിച്ചപ്പോൾ യശ്വന്ത് സിൻഹയ്ക്ക് 208 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
Comments