തിരുവനന്തപുരം : ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി വി മുരളീധരൻ. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ നയം. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ പുനരുജ്ജീവനത്തിനായി 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതും ഈ നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിഎസ്എൻഎൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നതിനുമാണ് പുതിയ പാക്കേജ്. ബിഎസ്എൻഎൽ 4ജി രാജ്യത്താകെയെത്താനും ഇനി അധികം കാത്തിരിക്കേണ്ടിവരില്ല. ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്ന ക്യാബിനറ്റ് തീരുമാനം സ്വാഗതാർഹമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തിന് പൊതുമേഖല വഹിച്ച പങ്ക് എൻഡിഎ സർക്കാർ മറക്കില്ല. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ വേളയിൽ രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാസ്ഥാപനങ്ങളെ വീണ്ടെടുക്കുന്ന പ്രഖ്യാപനത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും വി മുരളീധരൻ കുറിച്ചു.
നാല് വർഷത്തിനുള്ളിൽ ബി എസ് എൻ എൽ സേവനങ്ങൾ നവീകരിക്കുക എന്നതാണ് കേന്ദ്ര സർക്കാർ പാക്കേജിന്റെ ലക്ഷ്യം. രണ്ട് വർഷത്തിനുള്ളിൽ നവീകരണത്തിന്റെ പ്രധാനപ്പെട്ട ഘട്ടങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും 4ജി സേവനം സാർവത്രികമാക്കുന്നതിനും ബി എസ് എൻ എല്ലിനായി 900/1800 മെഗാ ഹേർട്‌സ് ബാൻഡിൽ സ്‌പെക്ട്രം അനുവദിക്കും. ഇതിനായി 44,993 കോടി രൂപ ചിലവഴിക്കും.
Comments