ഇടുക്കി: മൂന്നാറിൽ ഉരുൾ പൊട്ടൽ. കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിലാണ് ഉരുൾപൊട്ടലുണ്ടായത്. സംഭവത്തിൽ ആളപായമില്ല. ഉരുൾ പൊട്ടലിനെ തുടർന്ന് എസ്റ്റേറ്റ് ലയങ്ങളിലെ 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ അതിശക്തമായ മഴയാണ് ലഭിച്ചിരുന്നത്. ഇതാണ് ഉരുൾ പൊട്ടാൻ കാരണം എന്നാണ് കരുതുന്നത്. ഉരുൾപൊട്ടലിൽ രണ്ട് കടമുറികളും, ക്ഷേത്രവും, ഓട്ടോയും മണ്ണിനടിയിലായി.
115 കുടുംബങ്ങളെ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയത്. ബാക്കിയുള്ളവരെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
പുതുക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
മൂന്നാർ വട്ടവട ദേശീയ പാതയിലെ പുതുക്കുടിയിലെ റോഡ് തകർന്നു. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.
വട്ടവടയിലേക്ക് പോകുന്നവരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സും പോലീസും റവന്യൂ അധികൃതരും ചേർന്നാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. നിലവിൽ ലയങ്ങൾക്ക് കേടുപാടുകളില്ല.
പുതുക്കുടി ഉരുൾപൊട്ടൽ മേഖലയല്ലെന്നാണ് അധികൃതർ പറയുന്നത്. പെട്ടിമുടി ദുരന്തം ഉണ്ടായി രണ്ട് വർഷത്തിന് ശേഷമാണ് മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. പെട്ടിമുടിയ്‌ക്ക് സമാനമായ സാഹചര്യം നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട് ദേവികുളം എംഎൽഎ വ്യക്തമാക്കി.
Comments