മുംബൈ: പത്ര ചാൾ ഭൂമി ഇടപാട് കേസിൽ ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. നേരത്തെ സഞ്ജയ് റാവത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി നിർണായക രേഖകൾ കണ്ടെത്തുകയും റാവത്തിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. നിലവിൽ റിമാൻഡിലാണ് സഞ്ജയ് റാവത്ത്. ഭൂമി ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിഞ്ഞ ദിവസമാണ് ഇഡി വർഷ റാവത്തിന് നോട്ടീസ് നൽകിയത്.
മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയാണ് സഞ്ജയ് റാവത്ത്. പത്ര ചാൾ ഭൂമി ഇടപാട് കേസിൽ സാക്ഷിയായ സ്വപ്ന പട്കറെ ഭീഷണിപ്പെടുത്തിയ കേസിലും സഞ്ജയ് റാവത്തിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. റാവത്ത് സ്വപ്നയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു.
1034 കോടി രൂപയുടെ അഴിമതിക്ക് കളമൊരുങ്ങിയ പത്ര ചാൾ ഭൂമി കുംഭകോണ കേസിലാണ് സഞ്ജയ് റാവത്ത് അറസ്റ്റിലായിരിക്കുന്നത്. കേസിൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വർഷ റാവത്തിന്റെ പതിനൊന്നര കോടി രൂപയുടെ സ്വത്തുക്കൾ ഏപ്രിൽ മാസത്തിൽ ഇഡി കണ്ടുകെട്ടിയിരുന്നു.
Comments