ശ്രീനഗർ : വർഷങ്ങളായി കശ്മീരിന്റെ മണ്ണിൽ ശാപമായി നിലനിന്ന തീവ്രവാദ, ഭീകരാക്രമണ ഭീഷണികൾ ഒന്നൊന്നായി ഇല്ലാതാക്കിയതോടെ കശ്മീർ വീണ്ടുമൊരു സ്വർഗമാവുകയാണ്. ഇതോടെ വിദ്യാഭ്യാസത്തിലും വ്യവസായത്തിലും മാത്രമല്ല, പെൺകുട്ടികളെ മുന്നോട്ട് കൊണ്ടുവരുന്നതിലും പ്രദേശം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വടക്കൻ കശ്മീരിൽ പെൺകുട്ടികൾക്കായി പ്രത്യേകം വനിതാ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം. പ്രദേശവാസികളുമായി ഒന്നിച്ചാണ് മത്സരം സംഘടിപ്പിച്ചത്. മച്ചിൽ, പുഷ്വരി, ഡൂഡി എന്നീ ഗ്രാമങ്ങളിൽ നിന്നുളള പെൺകുട്ടികൾ ഇതിൽ പങ്കെടുത്തു.
ആദ്യമായി നടത്തുന്ന വനിതാ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികൾക്ക് പ്രചോദനം നൽകാൻ അവരുടെ ഗ്രാമങ്ങളിൽ നിന്നും ആളുകളും എത്തിയിരുന്നു. അവരവരുടെ ഗ്രാമത്തെ വിജയിപ്പിക്കാൻ അവര് പോരാടി. ആദ്യമായാണ് തങ്ങൾക്ക് ക്രിക്കറ്റ് കളിക്കാൻ അവസരം ലഭിക്കുന്നത് എന്നാണ് ഇവർ പറഞ്ഞത്. പെൺകുട്ടികൾ ആഹ്ലാദത്തോടെ ക്രിക്കറ്റ് കളിക്കുകയും വിജയം ആഘോഷിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ടിവിയിൽ താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും തങ്ങൾക്കും ആ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ക്രിക്കറ്റ് മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നത് തികച്ചും വ്യത്യസ്തവും സവിശേഷവുമായ അനുഭവമാണെന്നും ഭാവിയിൽ പെൺകുട്ടികൾക്കായി ഇത്തരം ടൂർണമെന്റുകൾ നടത്തണമെന്നും അവർ ആഗ്രഹിക്കുന്നു.
മച്ചിൽ ഗ്രാമത്തിലെ പെൺകുട്ടികളാണ് ഈ കായികമേളയിൽ വിജയികളായത്. ഈ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ നിരവധി ഗ്രാമീണർ എത്തുകയും ഇന്ത്യൻ സൈന്യത്തിന്റെ പുതിയ ഉദ്യമത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
Comments