ശ്രീനഗർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷമാക്കി ജമ്മു കശ്മീർ ജനത. ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധമായുള്ള ഹർ ഘർ തിരംഗ ക്യാമ്പെയ്നിന്റെ ഭാഗമായി മദ്രസയിൽ ത്രിവർണപതാക ഉയർത്തി. ജമ്മുവിലെ ജമാത്തൂർ മദീൻ മദ്രസയാണ് ത്രിവർണ പതാക ഉയർത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ത്രിവർണ പതാക ഉയർത്തിയത്. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഈ മാസം 13 മുതൽ എല്ലാ സ്ഥാപനങ്ങളിലും വീടുകളിൽ ത്രിവർണ പതാക ഉയർത്താനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇത് ശിരസ്സാ വഹിച്ചുകൊണ്ടാണ് മദ്രസ അധികൃതർ ത്രിവർണപതാക ഉയർത്തിയത്. ഇതിന് പുറമേ കുട്ടികളെ അണിനിരത്തി രാവിലെ തിരംഗ റാലിയും സംഘടിപ്പിച്ചു. ഭാരത് മാതാ കി ജയ്, ജയ് ഘോഷ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വിദ്യാർത്ഥികൾ റാലിയെ അനുഗമിച്ചത്.സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി എല്ലാവരും വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്നും ത്രിവർണ പതാകകൾ സമാധനത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണെന്നും പരിപാടിയുടെ സംഘാടകർ വ്യക്തമാക്കി.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീനഗറിലെ ലാൽ ചൗക്കിലും, കിഷ്ത്വാറിലെ കോകില ചൗക്കിലുമെല്ലാം ത്രിവർണ പതാക ഉയർത്തിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ തിരംഗ റാലികളും സംഘടിപ്പിക്കുന്നുണ്ട്.
Comments