ന്യൂഡൽഹി: സ്വാതന്ത്ര്യദിനം അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാ സേന. ഇതിനിടെ ജമ്മുകശ്മീരിലെ രാംബനിൽ നിന്നും രണ്ട് ഭീകരരെ സൈന്യം പിടികൂടി. ഇരുവരും ലഷ്‌കർ-ഇ-ത്വായ്ബയുടെ സജീവ പ്രവർത്തകരാണ്. രാംബനിലെ ഗൂൽ മേഖലയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പോലീസ് പോസ്റ്റിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിന്റെ ഉത്തരവാദികളാണ് ഇവരെന്ന് കശ്മീർ പോലീസ് അറിയിച്ചു. ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം. കഴിഞ്ഞ 10 വർഷത്തിനിടെ യാതൊരു തരത്തിലുള്ള ഭീകരസാന്നിധ്യമോ പ്രവർത്തനങ്ങളോ റിപ്പോർട്ട് ചെയ്യപ്പെടാത്ത സ്ഥലത്തായിരുന്നു ഭീകരരുടെ ഗ്രനേഡ് ആക്രമണം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു. ജമ്മുകശ്മീർ ഘസ്‌നാവി ഫോഴ്‌സിന്റെ പ്രവർത്തകരാണ് ആദ്യം പിടിയിലായത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് ജമ്മുകശ്മീർ ഘസ്‌നാവി ഫോഴ്‌സ്. കഴിഞ്ഞ വർഷമാണ് ഇവരുടെ സാന്നിധ്യം ജമ്മുമേഖലയിലുണ്ടെന്ന് സ്ഥിരീകരിച്ചത്.
അതേസമയം വെള്ളിയാഴ്ച ഉച്ചയോടെ കശ്മീരിൽ വീണ്ടും ഭീകരാക്രമണം റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലെത്തിയ ഭീകരസംഘം സിആർപിഎഫ് സംഘത്തിന് നേരെ വെടിവെക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. അനന്തനാഗിലെ ബിജ്‌ബേഹരയിലാണ് ആക്രമണമുണ്ടായത്.
Comments