ന്യൂഡൽഹി: രാജ്യത്ത് മങ്കിപോക്‌സ് രോഗികളുടെ എണ്ണം കൂടുന്നു. ഡൽഹിയിൽ ഒരു സ്ത്രീക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് മങ്കിപോക്‌സ് ബാധിച്ചവരുടെ എണ്ണം അഞ്ചായി. 22-കാരിയായ ആഫ്രിക്കൻ സ്വദേശിനിക്കാണ് രോഗം. ഒരുമാസം മുമ്പ് ഇവർ ആഫ്രിക്കയിൽ പോയി വന്നിരുന്നു.
നേരത്തെ ഡൽഹിയിൽ മറ്റൊരു സ്ത്രീക്ക് മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിക്കുന്ന വനിത ഇവരായിരുന്നു. നിലവിൽ ഇവർ ലോക് നായ്ക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ചികിത്സയിലാണ്. നൈജീരിയൻ സ്വദേശിയാണിവർ. ആകെ നാല് പേരാണ് ഇപ്പോൾ ഡൽഹിയിൽ ചികിത്സയിലുള്ളത്. ഒരാൾ രോഗമുക്തി നേടി ഡിസ്ചാർജ് ആയി.
രാജ്യത്ത് ഇതുവരെ പത്ത് പേർക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ആദ്യ രോഗി കേരളത്തിലായിരുന്നു റിപ്പോർട്ട് ചെയ്തത്. ഏക മങ്കിപോക്‌സ് മരണവും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏകദേശം എൺപതോളം രാജ്യങ്ങളിലായി ഈ വർഷം 31,000ത്തോളം പേർക്ക് ഇതുവരെ രോഗം ബാധിച്ചു. യുഎസിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 11,000 മങ്കിപോക്‌സ് കേസുകളും അമേരിക്കയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.
Comments