എറണാകുളം: ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇടമലയാർ ഡാം നാളെ തുറക്കും. ഡാമിലെ ജലനിരപ്പിൽ റൂൾ കർവ് പാലിക്കുന്നതിനു വേണ്ടിയാണ് നാളെ (ഓഗസ്റ്റ് 15) രാവിലെ 10 മണിക്ക് തുറക്കുന്നത്. രണ്ട് ഷട്ടറുകൾ 50 സെ.മീ വീതം തുറന്ന് 65 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കാനാണ് തീരുമാനം.
ഡാമിലേക്ക് നീരൊഴുക്ക് കുറവാണെങ്കിലും മുൻകരുതലെന്ന നിലയിൽ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനാണ് നടപടിയെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പെരിയാറിൽ ജലനിരപ്പ് നിലവിൽ താഴ്ന്ന നിലയിലാണ്. അതേസമയം, ഇടുക്കി ജല സംഭരണിയിലെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ എല്ലാം അടച്ചു. ജില്ലയിൽ മഴ കുറഞ്ഞതോടെ ഡാമിലെ ജലനിരപ്പ് താഴ്ന്നു. നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഡാമിന്റെ ഷട്ടറുകൾ രാവിലെ 7 മണിയോടെ അടച്ചത്.
ഒരു ഷട്ടറിലൂടെ സെക്കന്റിൽ മുപ്പതിനായിരം ലിറ്റർ വെള്ളമാണ് പുറത്തേയ്‌ക്ക് ഒഴുക്കിയിരുന്നത്. 2386.74 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2386.81 അടിയാണ് നിലവിലെ റൂൾ കർവ് അനുസരിച്ച് അണക്കെട്ടിൽ സംഭരിക്കാവുന്ന വെളളത്തിന്റെ അളവ്. സംഭരണ ശേഷിയുടെ 81 ശതമാനത്തിലധികം വെള്ളം നിലവിൽ അണക്കെട്ടിലുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയം 2371.40 അടിയായിരുന്നു ജലനിരപ്പ്. 138 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
Comments