ബെംഗളൂരു: താൻ ആർഎസ്എസിന്റെ അടിമയാണെന്ന് പറഞ്ഞ കോൺഗ്രസ് നേതൃത്വത്തിന് കൃത്യമായ മറുപടി നൽകി കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആർഎസ്എസ് എന്നതിൽ അഭിമാനിക്കുന്നു എന്നാണ് ബസവരാജ് ബൊമ്മൈയുടെ മറുപടി. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള പത്രപരസ്യത്തിൽ നെഹ്‌റുവിനെ ഒഴിവാക്കി എന്നാരോപിച്ചായിരുന്നു കോൺഗ്രസ് കർണ്ണാടക മുഖ്യമന്ത്രിയെ വിർശിച്ചത്. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബൊമ്മൈ ഒരു ആർഎസ്എസ് അടിമയാണ് എന്ന പരാമർശം നടത്തിയത്.
കോൺഗ്രസ് നേതാവിന്റെ പരാമർശത്തിന് പിന്നാലെ ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് ബസവരാജ് ബൊമ്മൈ മറുപടി നൽകിയത്. ‘ഒരാൾ പറഞ്ഞു, ബൊമ്മൈ ഒരു ആർഎസ്എസ് അടിമയായി എന്ന്. ആർഎസ്എസിന്റെ ആദർശങ്ങൾക്കും തത്വങ്ങൾക്കും രാജ്യസ്നേഹത്തിനും മുന്നിൽ ഞാൻ തല കുനിക്കുന്നു എന്ന് എനിക്ക് അവരോട് പറയണം. ആ ആദർശങ്ങളിലും തത്വങ്ങളിലും രാജ്യം കെട്ടിപ്പടുക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു,’ എന്നാണ് ബസവരാജ് ബൊമ്മൈ പറഞ്ഞത്.
അതേസമയം, നെഹ്‌റുവിനെ താനും തന്റെ സർക്കാരും ബഹുമാനിക്കുന്നുണ്ട് എന്നും, 65 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ബിആർ അംബേദ്കറെയും ലാൽ ബഹദൂർ ശാസ്ത്രിയെയും പോലുള്ള ദേശീയ ബിംബങ്ങളെ അവഗണിക്കുകയാണെന്നും ബൊമ്മൈ ചൂണ്ടിക്കാട്ടി. എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തെ നേതാക്കളും അവരുടേതായ രീതിയിൽ ഇന്ത്യയുടെ പുരോഗതിക്ക് സംഭാവന നൽകിയിട്ടുണ്ട്. അവരെ ആരെയും തങ്ങൾ മറക്കുന്ന പ്രശ്‌നമില്ല. പ്രധാനമന്ത്രിമാരുടെ സംഭാവനകൾ ജനങ്ങൾക്ക് തുറന്നു കാണിക്കുവാൻ ഏതെങ്കിലും ഒരു പ്രധാനമന്ത്രി ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് നരേന്ദ്രമോദി ആണെന്നും അദ്ദേഹം പറഞ്ഞു.
Comments