ഗുരുവായൂർ : ജൻമാഷ്ടമി ദിനത്തിൽ ഗുരുവായൂരിൽ കണ്ണന്റെ സ്വർണക്കോലം ഇക്കുറി ശിരസിലേറ്റുക ബാലകൃഷ്ണൻ. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മോഴയാന ജൻമാഷ്ടമിക്ക് കണ്ണന്റെ സ്വർണക്കോലം എഴുന്നെള്ളിക്കുന്നത്.
ഗുരുവായൂർ ആനക്കോട്ടയിൽ ആന പ്രേമികളുടെ ഇഷ്ടതാരമാണ് ബാലകൃഷ്ണൻ. അടുത്തിടെ ബാലകൃഷ്ണന് ഫൈബർ കൊമ്പുകൾ വെച്ചുപിടിപ്പിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതിന് ശേഷം ക്ഷേത്രങ്ങളിലെ എഴുന്നെള്ളിപ്പുകൾക്ക് ഉൾപ്പെടെ കൃഷ്ണനെ നിരവധി പേർ ബാലകൃഷ്ണനെ തേടിവരുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഗുരുവായൂരിലെ കണ്ണന്റെ സ്വർണക്കോലം തിടമ്പേറ്റാൻ ബാലകൃഷ്ണന് അവസരം ലഭിക്കുന്നത്.
1975ൽ ജനിച്ച ബാലനെ 1976 ലാണ് ഗുരുവായൂരപ്പന് നടയിരുത്തിയത്. ആദ്യകാലങ്ങളിൽ കുപ്പിപാലും മറ്റും നൽകിയായിരുന്നു ബാലകൃഷ്ണനെ പരിപാലിച്ചിരുന്നത്. എന്നാൽ എല്ലാവരുടെയും കണ്ണിലുണ്ണിയായ ബാലകൃഷ്ണന്റെ കൊമ്പ് ശരീരത്തിന് അനുസരിച്ച് വളർന്നില്ല. ഇതോടെയാണ് മോഴ ഇനത്തിൽപ്പെട്ട ആനയാണെന്ന് വ്യക്തമായത്. ഇന്ന് ഇന്ത്യയിലെ തന്നെ മോഴ ആനകളിൽ ഏറ്റവും ഉയരം കൂടിയ ആനയാണ് ബാലകൃഷ്ണൻ.















