അഗർത്തല: ത്രിപുരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ബിഎസ്എഫ് 145 ബറ്റാലിയൻ അംഗം ഗ്രിജേഷ് കുമാറാണ് വീരമൃത്യുവരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.
ഇന്തോ- ബംഗ്ലാദേശ് അതിർത്തിയിൽ കഞ്ചൻപൂരിലായിരുന്നു ഏറ്റുമുട്ടൽ. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയിലെ ഭീകരരുമായാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സിമ-II അതിർത്തി മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ് സംഘം. ഇതിനിടെ ബിഎസ്എഫ് സേനാംഗങ്ങൾക്ക് നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും തിരിച്ചടിച്ചു. ഇതിനിടെയായിരുന്നു ഗ്രിജേഷ് കുമാറിന് പരിക്കേറ്റത്.
നാല് വെടിയുണ്ടകളാണ് ഗ്രിജേഷ് കുമാറിന്റെ ശരീരത്തിൽ തറച്ചത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ പുരോഗമിക്കുകയാണ്.
Comments