കൊൽക്കത്ത: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് തെളിഞ്ഞാൽ എല്ലാം ബുൾഡോസർകൊണ്ട് ഇടിച്ച് നിരത്താമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സ്വയം അന്വേഷണ വിധേയയാവുകയാണെന്ന് പ്രഖ്യാപിച്ച് കൊണ്ടു സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ പരാമർശം. തനിക്കെതിരെ അന്വേഷണം നടത്താൻ മമത ചീഫ് സെക്രട്ടറയ്‌ക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.
താൻ ഒരു തരി മണ്ണ് പോലും അനധികൃതമായി സ്വന്തമാക്കിയിട്ടില്ല. അനധികൃത സ്വത്തുക്കൾ കൈക്കലാക്കിയെന്ന് തെളിഞ്ഞാൽ നിങ്ങൾക്ക് അതെല്ലാം ബുൾഡോസർ ഉപയോഗിച്ച് തകർക്കാം. അതിന് നിങ്ങൾക്ക് ആരുടെയും അനുമതിയ്‌ക്കായി കാത്ത് നിൽക്കേണ്ട ആവശ്യമില്ലെന്നും മമത ഉദ്യോഗസ്ഥരോട് പറഞ്ഞു.
കൽക്കരിക്കടത്ത് അഴിമതി കേസിൽ അനന്തരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജി പ്രതിയാണ്. സംഭവത്തിൽ മമതാ ബാനർജിയ്‌ക്കും പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇതിൽ മുഖ്യമന്ത്രിയ്‌ക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ രൂക്ഷമായ ജനരോഷം ആണ് ഉയർന്നുവരുന്നത്. ഇത് തണുപ്പിക്കുന്നതിന് വേണ്ടിയാണ് മമത സ്വയം അന്വേഷണത്തിന് വിധേയയാകുന്നത്.
അതേസമയം കേസിൽ അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഹാജരാകാനാണ് നിർദ്ദേശം.
Comments