തിരുവനന്തപുരം: ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് യുവാക്കൾക്കിടയിൽ ഹിറ്റായി മാറിയ തുണിക്കടയാണ് വെമ്പായം ജംഗ്ഷനിലെ അധോലോകം. പ്രവർത്തനമാരംഭിച്ച് ദിവസങ്ങൾക്കകം ‘അധോലോകം അന്വേഷിച്ച് ദൂരസ്ഥലത്തു നിന്നുപോലും യുവാക്കളെത്തി.സംശയാസ്പദമായി യുവാക്കൾ തിക്കിതിരക്കുന്നതിന്റെ പിറകെ പോയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യമാണ്.
അധോലോകം എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും , വെഞ്ഞാറമൂട് പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ മാരകലഹരിവസ്തുവായ എംഡിഎംഎയും കഞ്ചാവുമാണ് പിടിച്ചെടുത്തത്. 2.10ഗ്രാം എംഡിഎംഎയും 317 ഗ്രാം കഞ്ചാവും ആണ് കണ്ടെടുത്തത്. സ്ഥാപന ഉടമയും , ക്രിമിനൽ കേസ്സ് പ്രതികളും ഉൾപ്പെടെ നാല് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
സ്ഥാപന ഉടമ വെമ്പായം സ്വദേശി ബിനു (37) , വെമ്പായം കുതിരക്കുളം പുതുവൽപുത്തൻവീട്ടിൽ റിയാസ് (38) , തേമ്പാംമൂട് പാലാംകോണം പെരുമലയിൽ സുഹൈൽ (25) പിരപ്പൻകോട് മീനാറ വിള’വീട്ടിൽ ഷംനാദ് (40) എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാനത്ത് നിന്ന് വാഹനത്തിൽ വസ്ത്ര കെട്ടുകളിൽ ഒളിപ്പിച്ചാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്. കടയിൽ ആരുടെയും സംശയനിഴലിൽ പെടാതെ ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരമാണ് ‘അധോലോകത്തിന് പൂട്ടുവീഴ്ത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയശേഷമായിരുന്നു പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Comments