മലപ്പുറം: ഇലക്ട്രിക് സ്കൂട്ടറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന പേരിൽ പിഴ ചുമത്തി കേരളാ പോലീസ്. മലപ്പുറത്തെ നീലഞ്ചേരിയിലെ പൊലീസാണ് ഇലക്ട്രിക് സ്കൂട്ടറിന് പിഴ ചുമത്തിയത്. പുകക്കുഴൽ ഇല്ലാത്ത ഇലക്ട്രിക് സ്കൂട്ടറിന് മലിനീകരണത്തിന്റെ പേരിൽ പെറ്റിയടിച്ചുവെന്ന വാർത്തയുമായി ബന്ധപ്പെട്ട് പിഴയടച്ച രസീതിന്റെയും പിഴ ചുമത്തിയ സ്കൂട്ടറിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദേശീയ മാദ്ധ്യമങ്ങൾ വരെ കേരളാ പോലീസിന്റെ ഈ അബദ്ധം റിപ്പോർട്ട് ചെയ്യുന്നു.
ആതർ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറിനാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ പേരിൽ പിഴ ലഭിച്ചിരിക്കുന്നത്. സ്കൂട്ടർ ഓടിച്ചയാൾക്ക് 250 രൂപയാണ് പോലീസ് പിഴയായി ചുമത്തിയിരിക്കുന്നത്. 1988 ലെ മോട്ടോർ വാഹന നിയമത്തിലെ 213(5)ഇ വകുപ്പ് പ്രകാരം പിഴചുമത്തിയതായാണ് രസീതിൽ നിന്നും വ്യക്തമാകുന്നത്.
ഇതിന് മുമ്പും വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേരളാ പോലീസിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പാണ് മതിയായ ഇന്ധനമില്ലാതെ മോട്ടോർ സൈക്കിൾ ഓടിച്ചെന്ന വകുപ്പിൽ ഒരാൾക്കെതിരെ കേരളാ പോലീസ് പിഴ ചുമത്തിയത്. ഇത് ഉദ്യോഗസ്ഥന് പറ്റിയ അബന്ധമായിരുന്നു എന്ന് പോലീസ് വിശദീകരണവും നൽകിയിരുന്നു.
Comments