ഗുവാഹട്ടി: അസമിൽ ശക്തമായ തിരിച്ചടി നേരിട്ട് കോൺഗ്രസ്. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) ജനറൽ സെക്രട്ടറി കമറുൾ ഇസ്ലാം ചൗധരി രാജിവെച്ചു. പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ചയായിരുന്നു പാർട്ടി അംഗത്വം ചൗധരി രാജിവെച്ചത്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നുകൊണ്ട് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക ബുദ്ധിമുട്ട് ആണെന്ന് ചൗധരിയുടെ രാജിക്കത്തിൽ പറയുന്നു. വീക്ഷണമില്ലാത്ത നേതൃത്വമാണ് എപിസിസിയുടേത്. ഡൽഹിയിൽ നിന്നും ഒരു നേതാവ് പോലും കോൺഗ്രസിന്റെ അവസ്ഥ പഠിക്കാൻ അസമിലേക്ക് എത്തുന്നില്ല എന്നത് ഖേദകരമാണ്. ആദ്യം കോൺഗ്രസിലെ അംഗങ്ങളെ ഒന്നിപ്പിക്കുന്നതിനായി ഭാരത് ജോഡോ യാത്ര നടത്തണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും രാജിക്കത്തിൽ അദ്ദേഹം വിശദമാക്കി.
വർഷങ്ങളായി കോൺഗ്രസിന് വേണ്ടി ചോര നീരാക്കി തന്നെപ്പോലെ പ്രവർത്തിക്കുന്ന നിരവധി പേർ കോൺഗ്രസിലുണ്ട്. എന്നാൽ അവരെയൊന്നും പാർട്ടി പരിഗണിക്കുന്നില്ല. ഇത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments