ജയ്പൂർ: മകളെ പുനർവിവാഹം ചെയ്യിപ്പിച്ച വയോധികന് നേരെ യുവതിയുടെ ആദ്യ ഭർത്താവിന്റെ ബന്ധുക്കളുടെ കൊടും ക്രൂരത. രാത്രിയിൽ വീട്ടിലെത്തിയ അക്രമികൾ ഇയാളുടെ മൂക്കും കാതും അറുത്തെടുത്ത ശേഷം അവയുമായി കടന്നു കളയുകയായിരുന്നു. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ അദർശ് സോന്ദി ഗ്രാമത്തിലായിരുന്നു സംഭവം.
സുഖ്രാം ബിഷ്ണോയ് എന്നയാൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ പുനർവിവാഹം ചെയ്യിച്ചതിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് ആക്രമണം എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അക്രമികൾ ബിഷ്ണോയിയുടെ കാൽ തല്ലിയൊടിച്ചതായും പോലീസ് അറിയിച്ചു. മാരകമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ബിഷ്ണോയിയുടെ മകൾ വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് പിതാവിനെ സമീപിക്കുകയും അദ്ദേഹം അതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിൽ ആദ്യ ഭർത്താവിന്റെ ബന്ധുക്കൾക്ക് അമർഷമുണ്ടായിരുന്നു. യുവതി വീണ്ടും വിവാഹിതയായതോടെ അമർഷം പ്രതികാരമായി മാറുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
രാജസ്ഥാനിലെ ബാർമറിൽ ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. മകളുടെ വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതിന് പിതാവിന്റെ മൂക്ക് ഛേദിച്ച സംഭവവും വിവാദമായിരുന്നു.
Comments