കോഴിക്കോട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ ജമാ അത്തെ ഇസ്ലാമി. കേന്ദ്രസർക്കാർ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ കുറ്റപ്പെടുത്തി. സർക്കാർ നടപടി അപലപനീയമാണ്. സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നൽകുന്നുണ്ട്. ഇതിനെ ഭരണകൂടം തന്നെ റദ്ദ് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ നിയമം ലംഘിക്കുകയും രാജ്യസുരക്ഷയെയും ക്രമസമാധാനത്തെയും തകർക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ശക്തമായ നടപടി സ്വീകരിക്കുകയും വേണം. അതേസമയം, സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം വിമർശിച്ചു.
ഇന്ത്യയുടെ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഫാസിസ്റ്റ് സംഘങ്ങൾ സൈൗര്യവിഹാരം നടത്തിക്കൊണ്ടിരിക്കെ പോപ്പുലർ ഫ്രണ്ടിന് പ്രവർത്തനാനുമതി നിഷേധിക്കുന്നതും വായ മൂടിക്കെട്ടുന്നതും വിവേചനപരമാണ്. ആശയപ്രബോധനങ്ങളിലൂടെ ആശയങ്ങളെ നേരിടുകയെന്നതാണ് രാജ്യത്തിന്റെ പാരമ്പര്യമെന്നും എം.ഐ അബ്ദുൽ അസീസ് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.അഞ്ച് വർഷത്തേക്കാണ് നിരോധനം.രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിർണായക നടപടി.റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ അനുബന്ധ സംഘടനകൾക്കും നിരോധനമുണ്ട്.
ഹത്രാസിൽ കലാപം സൃഷ്ടിക്കാനും, രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും ശ്രമിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അടക്കമുള്ളവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു,ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പ്രവർത്തനം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന പരിശീലനം നടത്താൻ ക്യാമ്പുകൾ നടത്തി, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ എത്തിച്ചു. സംഘടന ഏറെ വ്യാപിച്ചിരിക്കുന്നു, ഇപ്പോൾ നിരോധിച്ചില്ലെങ്കിൽ അത് ദേശീയോദ്ഗ്രഥനത്തിനു തടസമാവും എന്നും എൻഐഎ, ഇഡി തുടങ്ങിയ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു.
സെപ്തംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തിൽ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയിൽ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റിലായത്..
Comments