തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്ത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്ത് തന്നെ പ്രാധാന്യമുള്ള പ്രചാരണ വിഷയമാണ് ‘നോ ടു ഡ്രഗ്‌സ്’ എന്ന ക്യാമ്പയിൻ എന്ന് ഗാംഗുലി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും ഗാംഗുലി വേദിയിലിരുത്തി പ്രശംസിച്ചു. നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആളാണ് പിണറായി വിജയനെന്നാണ് ഗാംഗുലിയുടെ പുകഴ്‌ത്തൽ.
മികച്ച സ്റ്റേഡിയവും കാണികളുമുള്ള നാടാണ് കേരളം. നല്ല ഓര്‍മകള്‍ മാത്രമാണ് കേരളം തനിക്ക് നല്‍കിയിട്ടുള്ളത്. താന്‍ ആദ്യമായി ക്യാപ്റ്റനായത് കേരളത്തിലെ മത്സരത്തിലായിരുന്നെന്നും ഗാംഗുലി പറഞ്ഞു. നോ ടു ഡ്രഗ്‌സ് എന്ന ക്യാമ്പയിനിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളും യുവാക്കളും മനസിലാക്കണം. ശരിയായ പാതയില്‍ കുട്ടികളെ നയിക്കാനുള്ള ചുമതല എല്ലാവര്‍ക്കുമുണ്ട്.
ആരോഗ്യം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കണം. കേരള സർക്കാർ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് വളരെ പ്രാധാന്യമുണ്ടെന്നും ഗാംഗുലി പറഞ്ഞു. ലോഗോ പ്രകാശന ചടങ്ങില്‍ മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാജന്‍, കെ.രാധാകൃഷ്ണന്‍, വി.ശിവന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, വി.എന്‍ വാസവന്‍, ജി.ആര്‍ അനില്‍, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവരും പങ്കെടുത്തു.
Comments