തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുകയാണെന്ന് ആരോപിച്ച് ഐഎഎസ് അസോസിയേഷൻ. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
രണ്ട് വർഷം കഴിയാതെ സ്ഥലം മാറ്റരുത് എന്നാണ് ചട്ടം. എന്നാൽ ഇപ്പോൾ ഈ ചട്ടങ്ങൾ പാലിക്കപ്പെടുന്നില്ലെന്നാണ് അസോസിയേഷന്റെ വിമർശനം. ചില ഉദ്യോഗസ്ഥർക്ക് അടിക്കടിയുണ്ടാകുന്ന സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് അസോസിയേഷന്റെ വിമർശനം എന്നാണ് വിവരം.
നേരത്തെ സീനിയർ ഉദ്യോഗസ്ഥരുടെ കളക്ടർമാരായിട്ടുളള നിയമനത്തിലും ജൂണിയർ തസ്തികകളിലേക്കുളള നിയമനത്തിലും അസോസിയേഷനുള്ളിൽ അതൃപ്തി ഉണ്ടായിരുന്നു. രണ്ട് മാസം മുൻപ് ചേർന്ന അസോസിയേഷന്റെ എക്സിക്യൂട്ടീവ് യോഗമാണ് നിവേദനം നൽകാൻ തീരുമാനിച്ചത്. ഒരു മാസം മുൻപ് ചീഫ് സെക്രട്ടറിക്ക് അസോസിയേഷൻ നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ കാര്യമായ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് അസോസിയേഷൻ നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്.
മാനദണ്ഡങ്ങൾ പാലിച്ചുവേണം സ്ഥലം മാറ്റം ഉൾപ്പെടെയുളള കാര്യങ്ങൾ നിർവ്വഹിക്കേണ്ടതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പു നൽകിയാണ് അസോസിയേഷൻ ഭാരവാഹികളെ മടക്കിയത്.
Comments