കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറും സിപിഎം നേതാവുമായ അഡ്വ.എം അനിൽകുമാറിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ച് മേയർ കൊച്ചി സിറ്റി പോലീസ് സൈബർ സെല്ലിൽ പരാതി നൽകി. മേയറുടെ പേരിലുള്ള വ്യക്തിഗത വെരിഫൈഡ് പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്.
വിദേശ കുടുംബത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ പ്രൊഫൈൽ ചിത്രമായിട്ടുള്ളത്. സെപ്തംബർ 28 മുതൽ പേജ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അന്ന് മുതൽ ഫേസ്ബുക്കിൽ വന്നിട്ടുള്ള പോസ്റ്റുകളോ മെസേജുകളോ തന്റേതല്ലെന്ന് മേയർ വ്യക്തമാക്കിയിട്ടുണ്ട്.
മേയറുടെ വിശദീകരണം
എന്റെ ഒഫിഷ്യൽ വെരിഫൈഡ് ഫേസ്ബുക്ക് പേജ് (M.Anilkumar ) സെപ്തംബർ 28 മുതൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് . വിവരം അറിഞ്ഞ ഉടനെ തന്നെ കേരള സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിലും ഫേസ് ബുക്ക് ഓഫിഷ്യൽസിനും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. പേജ് തിരിച്ചു കിട്ടുന്നതിന് വേണ്ടി ടീം പരമാവധി പരിശ്രമിക്കുന്നുണ്ട്. പേജ് തിരിച്ചു കിട്ടുന്ന മുറയ്ക്ക് ഔദ്യോഗികമായി അറിയിക്കുന്നതാണ്. സെപ്തംബർ 28 മുതൽ ഫേസ്ബുക്കിൽ വന്നിട്ടുളള പോസ്റ്റുകളോ മെസേജുകളോ ഞാനോ എന്റെ ഓഫീസിൽ നിന്നോ ഉള്ളതല്ല. അത്തരം സന്ദേശങ്ങളോ പോസ്റ്റുകളോ ശ്രദ്ധയിൽ പെട്ടാൽ അവഗണിക്കണമെന്നും ഓഫീസിനെ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
Comments