കണ്ണൂർ: തലശ്ശേരി -കണ്ണൂർ റൂട്ടിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്. കൺസെഷനുള്ള വിദ്യാർത്ഥികൾ സീറ്റിലിരിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ഇന്ന് രാവിലെ പത്ത് മണിയോട് കൂടിയാണ് കണ്ണൂർ-തലശ്ശേരി റൂട്ടിലോടുന്ന ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. 30 ലേറെ കുട്ടികൾ ഒരേ ബസിൽ കയറുന്നു, കുട്ടികളെ കയറ്റുന്നത് കാരണം മറ്റു യാത്രക്കാർക്ക് കയറാൻ പറ്റുന്നില്ല,ഇത് വരുമാനം കുറയ്ക്കുന്നു എന്നൊക്കെയാണ് ബസ് ജീവനക്കാരുടെ വാദങ്ങൾ.
എന്നാൽ സ്വകാര്യബസ് ജീവനക്കാർ പ്രതികാരം തീർക്കുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഒരാഴ്ചമുൻപ് തലശ്ശേരിയിൽ ഏതാനും വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയതിന്റെ പേരിൽ സിഗ്മ എന്ന ബസിലെ ജീവനക്കാർക്കെതിരെ നടപടിയെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കിയായാണ് ഈ മിന്നൽ സമരമെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം യൂണിയൻ നേതാക്കളുമായി വൈകുന്നേരത്തോടെ ചർച്ച ഉണ്ടാകുമെന്നാണ് വിവരം. നാളെയോടെ മിന്നൽ പണിമുടക്കിൽ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
Comments