ഗുവാഹട്ടി: അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തിയിൽ നിന്നും യുവാക്കളെ കാണാതായതായി പരാതി. അഞ്ച്വ സ്വദേശികളായ ബട്ടേലിയം ടിക്രോ, ബയിംഗ്സോ മന്യൂ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 56 ദിവസങ്ങളായി ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
ഓഗസ്റ്റ് 19 ന് ഇരുവരും ചംഗലമിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം എത്തിയിരുന്നു. പച്ചമരുന്നുകൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു ഇവർ ഈ പ്രദേശത്തേക്ക് എത്തിയത്. എന്നാൽ തിരികെയെത്തിയില്ല. ഇവരുടെ ഗ്രാമത്തിൽ നിന്നും കാൽനടയായി ഗ്രാമത്തിലേക്ക് എത്താൻ ഏകദേശം എട്ട് ദിവസത്തോളമെടുക്കും. അതിനാൽ രണ്ട് ആഴ്ചയോളം വീട്ടുകാർ കാത്തിരുന്നു. എന്നാൽ ഇതിന് ശേഷം തിരികെയെത്താത്തിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കാൻ ആരംഭിക്കുകയായിരുന്നു.
ഒരു മാസത്തോളം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷിച്ചിട്ടും ഇരുവരെയും കുടുംബാംഗങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഈ മാസം ഒൻപതിന് പരാതിയുമായി സൈന്യത്തെ സമീപിക്കുകയായിരുന്നു.
ചംഗലമയോട് ചേർന്നാണ് ചൈനീസ് അതിർത്തി. അബദ്ധത്തിൽ ഇവർ അതിർത്തി മറികടന്നിരിക്കാമെന്നാണ് സംശയിക്കുന്നത്. അങ്ങനെയെങ്കിൽ ഇവർ ചൈനീസ് സൈന്യത്തിന്റെ പക്കലാകും ഉണ്ടാകുക. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു.
Comments