ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് അവസാനിച്ചു. 9500 പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തിയതായി പാർട്ടിയുടെ സെൻട്രൽ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി അറിയിച്ചു. സംസ്ഥാനങ്ങളിലെ പ്രതിനിധികളിൽ 96 ശതമാനം പേരും വോട്ട് ചെയ്തതായിട്ടാണ് പ്രാഥമിക വിലയിരുത്തലെന്നും മിസ്ത്രി പറഞ്ഞു.
4.30 വരെയായിരുന്നു വോട്ട് രേഖപ്പെടുത്താനുളള സമയം. ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി, മകൾ പ്രിയങ്ക വാദ്ര, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം തുടങ്ങി 87 പേർ ഡൽഹിയിലെ എഐസിസി ആസ്ഥാനത്താണ് വോട്ട് രേഖപ്പെടുത്തിയത്. സോണിയയും പ്രിയങ്കയും ഒരുമിച്ചാണ് വോട്ട് ചെയ്യാനായി എഐസിസി ആസ്ഥാനത്ത് എത്തിയത്. ബെല്ലാരിയിൽ ഭാരത് ജോഡോ യാത്രാ ക്യാമ്പിൽ ഒരുക്കിയ ബൂത്തിലായിരുന്നു രാഹുൽ വോട്ട് ചെയ്തത്.
തുറന്ന രീതിയിലായിരുന്നു വോട്ടെടുപ്പ് നടന്നതെന്നും മറ്റ് പാർട്ടികൾക്കും ഇത് മാതൃകയാക്കാവുന്നതാണെന്നും മധുസൂദനൻ മിസ്ത്രി പ്രതികരിച്ചു. 24 വർഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുളള ഒരാൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ ഒരുങ്ങുന്നത്. എന്നാൽ ഗാന്ധി കുടുംബത്തിന്റെ ആശീർവാദത്തോടെയും പിന്തുണയോടെയുമാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ സ്ഥാനാർത്ഥിത്വമെന്ന ആക്ഷേപം വ്യാപകമാണ്.
എതിർസ്ഥാനാർത്ഥിയായ ശശി തരൂർ പ്രചാരണഘട്ടത്തിൽ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ പലപ്പോഴും തുറന്നുപറഞ്ഞിരുന്നു. വിജയിച്ചാൽ കോൺഗ്രസിനുളളിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ആയിരുന്നു ശശി തരൂർ മുന്നോട്ടുവെച്ചത്. എന്നാൽ കേരളത്തിലെ കെപിസിസി നേതാക്കൾ ഉൾപ്പെടെ മല്ലികാർജ്ജുൻ ഖാർഗെയെ പിന്തുണയ്‌ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
Comments