തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശശി തരൂരിനെ അഭിനന്ദിച്ച് സിപിഎം നേതാവ് എംഎ ബേബി. പത്ത് ശതമാനം വോട്ട് നേടിയതിനെ എംഎ ബേബി പ്രശംസിച്ചു. കോൺഗ്രസിനെ നയിക്കാൻ ശശി തരൂരിനെക്കാളും കഴിവുള്ളയാളായതുകൊണ്ടോ, കോൺഗ്രസിൽ വലിയ പിന്തുണ ഉള്ള ആളായതുകൊണ്ടോ അല്ല ഖാർഗെ ജയിച്ചതെന്ന് എല്ലാവർക്കും അറിയാമെന്ന് എം എ ബേബി കൂട്ടിച്ചേർത്തു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
രാഹുൽ ഗാന്ധിയുടെ ഇഷ്ട നേതാക്കളിലൊരാളല്ല ശശി തരൂരെന്നത് എല്ലാവർക്കും അറിയാം. കേരളത്തിലെ കോൺഗ്രസ് നേതാക്കളും തങ്ങളുടെ അനിഷ്ടം ഒരിക്കലും മറച്ചു വയ്ക്കാറില്ല. ഈ തിരഞ്ഞെടുപ്പ് കാലത്തു തന്നെ എ കെ ആൻറണി, രമേശ് ചെന്നിത്തല, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരൊക്കെ പരസ്യമായിത്തന്നെ തരൂരിനെതിരെ വന്നു.
സോണിയ കുടുംബത്തോട് പൂർണ വിധേയത്വമില്ലാത്ത ആർക്കും കോൺഗ്രസിൽ അധികനാൾ തുടരാനാവില്ല എന്നത് ചരിത്രമാണ്. ശശി തരൂർ ഇനി എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? ഈ അപമാനവും താങ്ങി അവിടെത്തന്നെ തുടരാനാണോ ?അതോ കോൺഗ്രസിൽ നിന്ന് പുറത്തുവരാനാണെങ്കിൽ വെറും ഒരു തെരഞ്ഞെടുപ്പ് പരാജയത്തിലെ ഇച്ഛാഭംഗം തീർക്കാൻ മാത്രമാണോ ഉദ്ദേശമെന്ന് എംഎ ബേബി ചോദിച്ചു.
കോൺഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങും മുമ്പ് നെഹ്രുവിനെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും വളരെ വിമർശനാത്മകമായി എഴുതിയിട്ടുള്ള ആളാണ് തരൂർ. തന്റെ സ്വാഭാവികമായ, കൂടുതൽ ശക്തമായ മതേതരവാദത്തിലേക്കദ്ദേഹം വരുമോ എന്നും എം എ ബേബി ചോദിച്ചു.
Comments