ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനായി ഇസ്ലാമിക രാജ്യങ്ങളിൽ വ്യാപക പണപ്പിരിവ് നടക്കുന്നതായി വിവരം. ഇസ്ലാമിക രാജ്യങ്ങളിലുള്ള പിഎഫ്‌ഐയുടെ അനുഭാവികളാണ് പണം പിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ നിഴൽ രൂപങ്ങളായ ഗൾഫ് രാജ്യങ്ങളിലെ ചില സംഘടനകളിലൂടെയാണ് പണപ്പിരിവ്.
രാജ്യദ്രോഹ – മതഭീകരവാദ പ്രവർത്തനങ്ങളെ തുടർന്ന് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് ശേഷവും സംഘടനയ്‌ക്കായി വലിയ തോതിലാണ് ഇതര രാജ്യങ്ങളിൽ ധനസമാഹരണം നടക്കുന്നത്. എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും എൻജിഒകൾ ഇപ്പോഴും സജീവമാണെന്ന വിവരം എൻഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന സാമ്പത്തിക സ്രോതസുകളായ മലയാളികളാണ് ഗൾഫ് രാജ്യങ്ങളിൽ നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ടിനായി ഫണ്ട് ശേഖരണം നടത്തുന്നത്.
നിരോധന കാലത്തും പ്രവർത്തന രംഗത്തുണ്ടായവരെ സജീവമാക്കി നിർത്താനും, കേസുകൾ നടത്താനുമാണ് ഫണ്ട് തേടുന്നത്. ചില സന്നദ്ധ – സാംസ്‌കാരിക സംഘടനകളുടെ പേരിലായതിനാൽ പോപ്പുലർ ഫ്രണ്ട് മതഭീകര ആശയങ്ങളോട് വിയോജിപ്പുള്ളവരിൽ നിന്ന് പോലും സാമ്പത്തിക സഹായം ലഭിക്കുന്നു. പോപ്പുലർ ഫ്രണ്ടിന്റെ വിദേശ ഫണ്ടുകൾ കൈകാര്യം ചെയ്തിരുന്ന ഒളിവിലുള്ള സംസ്ഥാന സെക്രട്ടറി സി.എ റൗഫാണ് ഇപ്പോഴും നിരോധിത ഭീകര സംഘടനയെ നിയന്ത്രിക്കുന്നത്. കേരളത്തിൽ ഒളിച്ച് കഴിയുന്ന റൗഫാണ് ഇപ്പോഴത്തെ വ്യാപക ഫണ്ട് പിരിവിനും ചുക്കാൻ പിടിക്കുന്നതെന്നാണ് വിവരം.
പണമെത്തിയിരുന്ന വഴികളെ എൻഐഎയും ഇഡിയും തടയിടുകയും കോടികളുടെ ഫണ്ടുണ്ടായിരുന്ന അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതോടെയാണ് വീണ്ടും പിരിവ് ആരംഭിച്ചത്. ഹർത്താലിൽ വ്യാപക അക്രമം നടത്തിയ പിഎഫ്‌ഐ ഭീകരവാദികളെ ജാമ്യത്തിലിറക്കാൻ മാത്രം അഞ്ച് കോടി 20 ലക്ഷം രൂപ നിരോധിത സംഘടന കണ്ടെത്തേണ്ടതുണ്ട്.
Comments