കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്‌ഫോടനത്തിൽ തീവ്രവാദബന്ധം തള്ളാതെ പോലീസ്. സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിൻ(25) എന്ന യുവാവിന്റെ കൂട്ടാളികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടിൽ നിന്ന് സ്‌ഫോടകവസ്തു ശേഖരം പോലീസ് കണ്ടെടുത്തിരുന്നു.
ഐഎസ് ബന്ധത്തിന്റെ പേരിൽ നേരത്തെ എൻഐഎ ചോദ്യം ചെയ്തിട്ടുള്ളയാളാണ് മുബിൻ. ഇതിനാൽ തന്നെ ചാവേറാക്രമണത്തിനുള്ള സാധ്യതയും പോലീസ് തള്ളിയിട്ടില്ല. കാറിൽ നിന്ന് മാർബിൾ കഷ്ണങ്ങളും ആണികളും പോലീസ് കണ്ടെടുത്തിരുന്നു. ആക്രമണം നടത്താനുള്ള പദ്ധതിക്കിടെ അബദ്ധത്തിൽ കാർ പൊട്ടിത്തെറിച്ചതാവാനും സാധ്യതയുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.
ചെക്‌പോസ്റ്റിൽ പോലീസിനെ കണ്ട യുവാവ് കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പൊള്ളാച്ചിക്ക് സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോയമ്പത്തൂരിൽ പോലീസ് സുരക്ഷ ശക്തമാക്കി.
പുലർച്ചെയുണ്ടായ സ്‌ഫോടനത്തിൽ ഉക്കടം ജിഎം നഗറിൽ താമസിക്കുന്ന എൻജിനീയറിങ് ബിരുദധാരിയായ ജമേഷ മുബിൻ (25) ആണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു.
Comments