മലപ്പുറം: ഗവർണറെ അധിക്ഷേപിച്ച് സിപിഎം നേതാവ് എം.സ്വരാജ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വേച്ഛാധിപതിയാണെന്നും അഴിമതിക്കാനും അവസരവാദി ആണെന്നുമാണ് സ്വരാജിന്റെ അധിക്ഷേപം. ധനമന്ത്രി ബാലഗോപാലിനെതിരെ ഗവർണർ സ്വീകരിച്ച നടപടിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം നേതാവ്. കേട്ടുകേൾവിയില്ലാത്ത ഒരു സംഭവമാണ് കേരളത്തിൽ നടക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറ വിയോജിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. എന്നാൽ അസഹിഷ്ണുതയുടെ ആൾരൂപമായ ഗവർണർക്ക് ഇതൊന്നും സഹിക്കാൻ കഴിയുന്നില്ല. ആർഎസ്എസിന്റെ അടിമയായാണ് കേരളത്തിൽ ഗവർണർ പ്രവർത്തിച്ചു വരുന്നതെന്ന് എം.സ്വരാജ് വിമർശിച്ചു.
ധനകാര്യ മന്ത്രിയിലുള്ള ഇഷ്ടം നഷ്ടപ്പെട്ടു എന്നാണ് ഗവർണർ പറയുന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ സ്വകാര്യമായ ഇഷ്ടമോ അനിഷ്ടമോ അനുസരിച്ച് പ്രവർത്തിക്കാൻ കഴിയില്ല. സർക്കാരിന്റെ ഇഷ്ടമാണ് മന്ത്രി തുടരണമോ വേണ്ടയോ എന്നത്. സർക്കാരിന്റെ ഉപദേശം മാത്രം അനുസരിച്ച് പ്രവർത്തിക്കേണ്ട ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ഗവർണർ. ആർഎസ്എസ് കനിഞ്ഞു നൽകിയ ഒരു അവസരം ഉപയോഗപ്പെടുത്തി കൊണ്ട് അവരെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു വരുന്നത്. സ്വേച്ഛാധിപത്യ പ്രവണതയാണ് ആരിഫ് മുഹമ്മദ് ഖാന്. ജനാധിപത്യത്തിൽ സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യത്തിനും ഒരിടവുമില്ല.
സ്വേച്ഛാധിപതികൾക്ക് എന്തായിരുന്നു അനുഭവം എന്ന് ഗവർണർ മനസ്സിലാക്കി കൊള്ളണം. ശുദ്ധ വിവരക്കേടിന്റെ ആൾരൂപമാണ് ഗവർണർ. ഓരോ ദിവസവും അദ്ദേഹം പരിഹാസ്യനാവുകയാണ്. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അവസരവാദത്തിന്റെ വിളിപ്പേരാണ് ആരിഫ് മുഹമ്മദ് ഖാൻ. ഹവാല കേസിൽ ഇന്ത്യ ചർച്ച ചെയ്ത പേരുകളിലൊന്ന്. അവസരവാദിയായ ഒരു അഴിമതിക്കാരൻ ഗവർണറായി വന്നപ്പോൾ ആർഎസ്എസിന്റെ വിനീത വിധേയനാണെന്ന് തെളിയിക്കാൻ ശ്രമം നടത്തുന്നു. മലയാളികളുടെ പ്രീതി നഷ്ടമായ ഗവർണർ രാജി വെയ്‌ക്കുകയാണ് വേണ്ടതെന്നും സ്വരാജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Comments