ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ അസ്താൻ മാർഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരനെ ഇതിനോടകം വകവരുത്തിയതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
അസ്താൻ മാർഗ് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു കശ്മീർ പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തിയത്. ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഒളിച്ചിരിക്കുകയായിരുന്ന ഭീകരൻ സുരക്ഷാസേനയ്‌ക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നിലവിൽ പ്രദേശമാകെ സൈന്യം വളഞ്ഞിരിക്കുകയാണ്.
അതേസമയം ബാരാമുള്ളയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സൈനികൻ വീരമൃത്യു വരിച്ചു. ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴയുന്നതിനിടെയാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ബാരാമുള്ളയിലെ വൻസീറാൻ താരിപോറ പ്രദേശത്ത് ബുധനാഴ്ചയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. റൈഫിൾമാൻ കുൽഭൂഷൺ മന്ത്രയാണ് വീരമൃത്യു വരിച്ചത്.
Comments