ജക്കാർത്ത: ഒന്നിലധികം വിവാഹം കഴിക്കുന്നത് പുതിയ കാര്യമല്ല. പക്ഷെ 88-ാം തവണയും വിവാഹം കഴിക്കുന്നുവെന്നത് അത്ര സുപരിചിതമായ ഒന്നല്ല. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ മജലെങ്കയിൽ നിന്നുള്ള 61-കാരനാണ് 88-ാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് അറിയിച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറലായത്.
കാൻ എന്ന 61-കാരനായ വരൻ തന്റെ മുൻ ഭാര്യയെ തന്നെയാണ് വീണ്ടും വിവാഹം കഴിക്കാൻ പോകുന്നത്. 86-ാമതായി വിവാഹം കഴിച്ചിരുന്ന സ്ത്രീയെയാണ് ഇപ്പോൾ ഒരിക്കൽ കൂടി വിവാഹം ചെയ്യാൻ പോകുന്നതെന്ന് കാൻ വ്യക്തമാക്കി.
വേർപിരിഞ്ഞിട്ട് വളരെക്കാലമായെങ്കിലും തങ്ങൾക്കിടയിലുള്ള സ്നേഹം ഇപ്പോഴും ശക്തമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് കാൻ പറയുന്നു. ആദ്യം വിവാഹം ചെയ്ത സമയത്ത് വെറും ഒരുമാസമാണ് ബന്ധം നിലനിന്നിരുന്നതെന്നും കാൻ ഓർത്തെടുത്തു.
ജീവിതത്തിലാദ്യമായി കാൻ വിവാഹിതനായത് 14-ാം വയസിലാണ്. തന്നെക്കാൾ രണ്ട് വയസ് കൂടുതലുള്ള സ്ത്രീയെയാണ് ആദ്യം കല്യാണം കഴിച്ചതെന്ന് കാൻ പറയുന്നു. വെറും രണ്ട് വർഷമാണ് ആദ്യ വിവാഹ ബന്ധം നീണ്ടുനിന്നത്. തന്റെ പെരുമാറ്റ വൈകല്യവും മോശം മനോഭാവവുമാണ് ആദ്യ ബന്ധം വേർപിരിയാൻ കാരണമായതെന്ന് കാൻ വെളിപ്പെടുത്തി.
ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെ തുടർന്നുണ്ടായ വിഷമം തീർക്കാനാണ് പീന്നീട് നിരവധി വിവാഹങ്ങൾ കഴിച്ചതെന്നും കാൻ പറയുന്നു. ഒരു സ്ത്രീയിൽ ആകൃഷ്ടനായാൽ ആദ്യം അവരെ വിവാഹം ചെയ്യും. അതിനാലാണ് ഇത്രയധികം വിവാഹം ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 87 വിവാഹം കഴിച്ചതിൽ എത്ര മക്കൾ ഉണ്ടായിട്ടുണ്ടെന്നത് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇതിനോടകം നിരവധി വിവാഹങ്ങൾ ചെയ്ത കാനിനെ ‘പ്ലേബോയ് കിംഗ്’ എന്നാണ് പലരും വിളിക്കുന്നത്.
Comments