പാലക്കാട്: കോയമ്പത്തൂർ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് പാലക്കാട് എൻഐഎയുടെ പരിശോധന. മുതലമടയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഷെയ്ഖ് മുസ്തഫയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധം പുലർത്തിയതിനെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് ഇയാൾ.
പുലർച്ചെയായിരുന്നു പരിശോധന. കോയമ്പത്തൂർ ചാവേർ ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു പരിശോധന നടത്തിയത്. ഏകദേശം മൂന്ന് മണിക്കൂറോളം പരിശോധന നീണ്ടു.മുതലമട ചപ്പക്കാടാണ് ഷെയ്ഖ് മുസ്തഫ താമസിക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഷെയ്ഖ് മുസ്തഫ ഇവിടെയാണ് താമസിക്കുന്നത് എന്നാണ് വിവരം. 2019 ലാണ് റിയാസ് അബൂബക്കറിനെ ഐഎസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തത്.
അതേസമയം ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ എൻഐഎ വ്യാപക പരിശോധന നടത്തിയിരുന്നു. 45 സ്ഥലങ്ങളിലായിരുന്നു പരിശോധന. ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments