എസ്എസ് രാജമൗലി സംവിധാനം ചെയ്ത് ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ആർആർആർ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയ്ക്ക് പുറമെ ജപ്പാൻ ബോക്സ് ഓഫീസിലും ചിത്രം വൻ മുന്നേറ്റമാണ് നടത്തിയത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി കൊണ്ട് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജമൗലി.
ചിക്കാഗോയിൽ നടന്ന ഒരു പരിപാടിയിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. തന്റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ ഒരുക്കുന്നത് പിതാവായ വിജയേന്ദ്രപ്രസാദാണ് . ചിത്രത്തിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അദ്ദേഹം കഥ വികസിപ്പിച്ചുവരികയാണ്. ആദ്യ ഭാഗത്തിന്റെ ഓളം ഒന്നു തണുക്കുമ്പോഴെക്കും രണ്ടാം ഭാഗവും ഉണ്ടാകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇന്ത്യൻ സിനിമയിലെ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റാണ് ആർആർആർ. രാമരാജുവിന്റെയും കൊമരം ഭീമിന്റെയും സൗഹൃദത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. രാമരാജുവായി രാംചരൺ തേജയും ഭീം ആയി ജൂനിയർ എൻ.ടി.ആറുമാണ് എത്തിയത്. അജയ് ദേവ്ഗൺ, ആലിയാ ഭട്ട്, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്. 200 കോടിയോളമാണ് ആഗോളതലത്തിൽ ആർ.ആർ.ആറിന്റെ ബോക്സോഫീസ് കളക്ഷൻ.
Comments