വാഷിംഗ്ടൺ : മുൻ യുഎസ് പ്രസിഡന്റ് ടേണാൾഡ് ട്രംപ് 2024 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. ട്രംപിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം നവംബർ 15 ചെവ്വാഴ്ച ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായാകും ട്രംപ് തിരഞ്ഞെടുപ്പിനെ നേരിടുക.
ചെവ്വാഴ്ച രാത്രി 9 മണിയോടെ ഫ്ളോറിഡോയിലെ മാർ എ ലോഗോ റിസോർട്ടിലാവും ഈ പ്രഖ്യാപനം നടക്കുക എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് തോൽവി നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് 2024 ലെ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി 78 കാരനായ ട്രംപ് വീണ്ടും എത്താൻ പോകുന്നത്.
ട്രംപിന്റെ ദീർഘകാല ഉപദേഷ്ടാവ് ജേസൺ മില്ലർ 2024 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടൻ ഒരു പ്രഖ്യാപനം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. 2016 ലാണ് 45 -ാം അമേരിക്കൻ പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ 2020 ലെ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ നയങ്ങളെ വിമർശിച്ചിരുന്ന അമേരിക്കൻ ജനത ജോ ബൈഡനെ വിജയിപ്പിച്ചു. തന്റെ പദവി നഷ്ടപ്പെട്ടെങ്കിലും ട്രംപ് ആഭ്യന്തര കാര്യങ്ങളിൽ നിലപാടുകളുമായി രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നത്.
Comments