തിരുവനന്തപുരം: വിശദീകരണം ചോദിച്ചതിന് നിമിഷങ്ങൾക്കുള്ളിൽ ഗവർണറെ അധിക്ഷേപിച്ചുള്ള ബാനർ ബാനർ അഴിച്ചുമാറ്റി എസ്എഫ്ഐ. തിരുവനന്തപുരം സംസ്കൃത കോളേജിന്റെ കവാടത്തിൽ ഉയർത്തിയ ബാനറാണ് എസ്എഫ്ഐ എടുത്ത് മാറ്റിയത്. ബാനറിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ഗവർണറിന്റെ തന്തേടെ വകയല്ല രാജ്ഭവൻ എന്നെഴുതിയ ബാനർ ആയിരുന്നു എസ്എഫ്ഐ സ്ഥാപിച്ചത്. സംഭവം വാർത്തയായിരുന്നു. ഇതോടെയാണ് രാജ്ഭവൻ കോളേജിനോട് വിശദീകരണം തേടിയത്. കേരള സർവ്വകലാശാലയിലും ഇക്കാര്യം രാജ്ഭവൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാനർ അഴിച്ചു നീക്കിയത്. എസ്എഫ്ഐ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് കോളേജിലെ പ്രവർത്തകർ ബാനർ നീക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
സർവകലാശാല വിസി നിയമനത്തിൽ സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുകയാണ് ഗവർണർ. ഇതിൽ പ്രകോപിതരായാണ് എസ്എഫ്ഐ ബാനർ സ്ഥാപിച്ചത്. ദിവസങ്ങൾക്ക് മുൻപായിരുന്നു ബാനർ സ്ഥാപിച്ചത്. രാജ്ഭവൻ അറിയിച്ചതിനെ തുടർന്ന് കോളേജിനോട് കേരള സർവ്വകലാശാല വിസിയും വിശദീകരണം തേടിയിരുന്നു.
Comments