ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിളിച്ച സർവ്വ കക്ഷി യോഗം ഇന്ന് വൈകീട്ട് രാഷ്‌ട്രപതി ഭവനിൽ ചേരും. ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായാണ് ഇന്ന് സർവ്വകക്ഷിയോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ, പാർലമെന്ററി കാര്യമന്ത്രി പ്രള്ഹാദ് ജോഷി എന്നിവർ പങ്കെടുക്കും.
40 പാർട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി രാജ്യത്തെ 200 നഗരങ്ങളിൽ വിവിധ പരിപാടികൾ നടക്കും. ഇത് സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ നടക്കും. ഉച്ചകോടിയുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ ക്ഷണിക്കുകയും ചർച്ചചെയ്യുകയും തന്ത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം ചേരുന്നത്.
2023 സെപ്തംബർ 9,10 തിയതികളിലായാണ് ഉച്ചകോടി നടക്കുക. ഡിസംബർ ഒന്നിനാണ് ജി-20 ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവി പ്രധാനമന്ത്രി ഏറ്റെടുത്തത്. അദ്ധ്യക്ഷപദവി ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിയെ പ്രശംസിച്ച് നിരവധി വിദേശ രാഷ്‌ട്രത്തലവന്മാർ രംഗത്തെത്തിയിരുന്നു . സമാധാനവും കൂടുതൽ സുസ്ഥിരമായ ലോകവും കെട്ടിപ്പടുക്കുന്നതിനായി എന്റെ സുഹൃത്ത് നരേന്ദ്ര മോദി ഞങ്ങളെ ഒരുമിച്ച് കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പ്രശംസിച്ചത്.
Comments